Kerala
കൊച്ചി: എറണാകുളം വൈറ്റില സിൽവർ സാൻഡ് ഐലന്റിലെ ചന്ദർ കുഞ്ജ് പാർപ്പിട സമുച്ഛയം പൊളിച്ച് മാറ്റാൻ ഹൈക്കോടതി അനുമതി. ടെണ്ടർ നടപടി ചോദ്യം ചെയ്ത് ചെന്നൈ അസ്ഥാനമായ പി.കെ. യുണീക് കമ്പനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജില്ലാ ഭരണകൂടം തെരഞ്ഞെടുത്ത എഡിഫെയ്സ് കമ്പനിക്ക് നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റ് പൊളിക്കലുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി.
കുറഞ്ഞ തുക ടെണ്ടറിൽ നൽകിയ തങ്ങളെ ഒഴിവാക്കിയെന്ന് ചൂണ്ടികാട്ടിയാണ് ചെന്നൈ കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ കമ്പനിയ്ക്ക് പ്രൃത്തി പരിചയമില്ലെന്നും എഡിഫെയ്സ് മരടിലടക്കം നിരവധി സ്ഥലങ്ങളിൽ ബഹുനില കെട്ടിടം പൊളിച്ച് നീക്കി അനുഭവസമ്പത്തുള്ള കമ്പനിയാണെന്നുമുള്ള വാദം കണക്കിലെടുത്താണ് നടപടി. നിർമ്മാണത്തിലെ അശാസ്ത്രീയത കാരണമാണ് ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ നിർമ്മിച്ച 27 നിലകളിലുള്ള ഇരട്ട ടവർ പൊളിച്ച് നീക്കാൻ ഉത്തരവായത്.
International
ദുബായി: കാണാതായ കസാഖിസ്ഥാൻ സ്വദേശിനികളായ സഹോദരിമാരെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓഗസ്റ്റ് 17 മുതൽ ഇരുവരെക്കുറിച്ചും യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ ദുബായിലെ കസാഖിസ്ഥാൻ കോൺസുലേറ്റിൽ പരാതിപ്പെടുകയായിരുന്നു. കോൺസുലേറ്റ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലിസ് നടത്തിയ പരിശോധനയിലാണ് ഫ്ലാറ്റിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്.
കഴിഞ്ഞ ഡിസംബറിലാണ് ഇരുവരും ബ്യൂട്ടി സലൂൺ ജോലിക്കായി ദുബായിലെത്തിയത്. സെപ്റ്റംബർ ആദ്യം നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഇവർക്ക് താമസസൗകര്യം ഒരുക്കി നൽകിയത് റഷ്യൻ സംസാരിക്കുന്ന മറ്റൊരു കസാഖ് സ്വദേശിയാണ്.
മരണകാരണം സംബന്ധിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വിശദമായ റിപ്പോർട്ട് പുറത്തുവിടുമെന്ന് പൊലിസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ഉദ്ഘാടന മാമാങ്കം കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും ‘പമ്പ’യിൽ താമസിക്കാൻ യോഗമില്ലാതെ എംഎൽഎമാർ. നിയമസഭാംഗങ്ങൾക്ക് താമസിക്കാനായി നിർമിക്കുന്ന പമ്പ ബ്ലോക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയെങ്കിലും ഇതുവരെ താമസയോഗ്യമായിട്ടില്ല. ഒരു വിഭാഗം എംഎൽഎമാർക്ക് ഇപ്പോഴും നിള ബ്ലോക്കിനു മുകളിലെ ഷെഡിൽ താമസിക്കേണ്ട ദുര്യോഗമാണ്.
നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് തൊട്ടുമുന്പ് പണി പൂർത്തിയാകാതെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ എംഎൽഎ ഹോസ്റ്റൽ വളപ്പിലെ പന്പ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. സിമന്റ് പൂശൽ പോലും പൂർത്തിയാകും മുൻപു ഉദ്ഘാടനം നടത്തുകയായിരുന്നു. പുതിയ സർക്കാർ വന്നശേഷവും പന്പ ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
നിലവിൽ പന്പ ബ്ലോക്കിലെഫ്ളാറ്റുകളുടെ അകത്തെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
നിർമാണം പൂർത്തിയാകാൻ ഇനിയും ഒരു മാസത്തിലേറെ സമയമെടുക്കുമെന്നാണ് നിർമാണ കന്പനി അറിയിച്ചിട്ടുള്ളതെന്നാണ് സ്പീക്കറുടെ ഓഫീസ് പറയുന്നത്. 10 നിലകളിലായി 62 ഫ്ളാറ്റ് സമുച്ചയങ്ങൾ അടങ്ങിയതാണ് പന്പ ബ്ലോക്ക്. ഇതിൽ 60 എണ്ണം എംഎൽഎമാർക്കും രണ്ടെണ്ണം മുൻ സ്പീക്കർമാർക്കുമായി നൽകും. താഴെ വിപുലമായ പാർക്കിംഗ് സൗകര്യവുമുണ്ട്. ഓരോ ഫ്ളാറ്റിലും രണ്ടു കിടപ്പുമുറികളും ഓഫീസ് മുറിയും ഹാളും അടുക്കളയും അടങ്ങിയ വിപുലമായ സംവിധാനമാണ് പന്പയിലുള്ളത്. ഇതു പൂർത്തിയാകുന്നതോടെ മുഴുവൻ എംഎൽഎമാർക്കും വിപുലമായ താമസ സൗകര്യമാകും.
ഇപ്പോൾ നിള, പെരിയാർ, ചന്ദ്രഗിരി, നെയ്യാർ ബ്ലോക്കുകളിലായാണ് എംഎൽഎമാരുടെ താമസം. ഇവിടങ്ങളിൽ പഴയ ഇടുങ്ങിയ മുറികളാണുള്ളത്. പന്പ പൊളിച്ചതോടെ താമസസൗകര്യമില്ലാതായ ഏതാനും എംഎൽഎമാരെ കരമന മേലാറന്നൂരിലെ വാടക ഫ്ളാറ്റിലക്ക് മാറ്റിയിരുന്നു. ഇതിനിടെ റെയിൽവേ വികസനത്തിന്റെ ഭാഗമായി ഇവിടത്തെ പാർക്കിംഗ് ഏരിയ പൊളിച്ചതോടെ എംഎൽഎ ഹോസ്റ്റൽ വളപ്പിലെ നിളയ്ക്കു മുകളിൽ താത്കാലിക ഷെഡ് നിർമിച്ചു താമസം ഒരുക്കുകയായിരുന്നു. കേരളത്തിലെ പ്രധാന നദികളുടെ പേരാണ് എംഎൽഎമാരുടെ താമസസ്ഥലങ്ങൾക്ക്.
രണ്ടാം പിണറായി സർക്കാരിന്റെ അവസാന നാളുകളിലാണ് നിയമസഭയിലെ ശങ്കരനാരായണൻ തന്പി ഹാളിൽ ഒരുക്കിയ ചടങ്ങിൽ മുഖ്യമന്ത്രി ഓണ്ലൈനായി പന്പ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അന്നത്തെ സ്പീക്കർ എ.എൻ. ഷംസീറും ചടങ്ങിൽ പങ്കെടുത്തിരുന്നു. നിർമാണം പൂർത്തിയാകാത്തതിനാലാണ് പുറത്തു വച്ചു ഓണ്ലൈനായി ഉദ്ഘാടനം നിർവഹിച്ചതെന്ന വിമർശനവും പ്രതിപക്ഷം ഉയർത്തിയിരുന്നു.
പുതിയ നിയമസഭ മേയിൽ വരുന്നതോടെ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു ഉദ്ഘാടനം. ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട് സൊസൈറ്റിയാണ് 78 കോടി രൂപയ്ക്ക് നിർമാണ കരാർ ഏറ്റെടുത്തിട്ടുള്ളത്. ഉദ്ഘാടനം കഴിഞ്ഞ സാഹചര്യത്തിൽ നിർമാണം പൂർത്തിയാക്കി ഒക്ടോബറിലെങ്കിലും പാലുകാച്ചൽ നടത്തി ഗൃഹപ്രവേശനത്തിനുള്ള ഒരുക്കമാണ് പുരോഗമിക്കുന്നത്.
Business
നിങ്ങൾ ആഗ്രഹിച്ച രീതിയിൽ സ്വന്തം വീട് രൂപകല്പന ചെയ്യാനുള്ള അപൂർവ അവസരം
കൊച്ചി നഗരത്തിന്റെ സിരാകേന്ദ്രത്തിനടുത്തായി സർവസൗകര്യങ്ങളുമുള്ള ഒരു പ്രദേശത്ത് സ്വന്തമായി ഒരു വീട് എന്നത് ഏതൊരാളുടെയും വലിയൊരു സ്വപ്നമാണ്. ആ സ്വപ്നം സാക്ഷാത്കരിക്കാനായി കേരളത്തിലെ നമ്പർവൺ ബിൽഡറായ സ്കൈലൈൻ ബിൽഡേഴ്സ് അവതരിപ്പിക്കുന്ന ആകർഷകവും വ്യത്യസ്തവുമായ ഒരു പ്രോജക്ടാണ് സ്കൈലൈൻ സാങ്ച്വറി. 100 ശതമാനം കസ്റ്റമൈസ് ചെയ്യാവുന്ന പ്രീമിയം വില്ല പ്ലോട്ടുകൾ, പൂർണമായും RERA അംഗീകൃതമായ ഒരു ഗേറ്റഡ് കമ്മ്യൂണിറ്റി.
പൂർണമായ രൂപകല്പന സ്വാതന്ത്ര്യം
സമകാലിക (Contemporary), പരമ്പരാഗത (Traditional), കോളോണിയൽ, ആഡംബര വില്ല ഡിസൈനുകൾ - നിങ്ങളുടെ അഭിരുചിക്കനുസരിച്ച് വീട് ഡിസൈൻ ചെയ്യാം. നിർമാണം നിങ്ങൾക്ക് തന്നെ നടത്താം.
20+ അന്താരാഷ്ട്ര നിലവാരമുള്ള അമെനിറ്റികൾ
സ്വിമ്മിംഗ് പൂൾ, മൾട്ടി - പർപ്പസ് ടർഫ്, ബാഡ്മിന്റൺ കോർട്ട്, ഔട്ട്ഡോർ ജിം, ലാൻഡ്സ്കേപ്പ്ഡ് ഗാർഡൻ, ആംഫിതിയേറ്റർ, ജോഗിംഗ് ട്രാക്ക്, ക്ലബ് ഹൗസ് തുടങ്ങി 20ലധികം പ്രീമിയം ലൈഫ് സ്റ്റൈൽ അമെനിറ്റികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
പ്രീമിയം ലൊക്കേഷനും ഉയർന്ന നിക്ഷേപ മൂല്യവും
ലുലു മാളിലേക്ക് വെറും 15 മിനിറ്റ് ഡ്രൈവ് മാത്രമുള്ള കൂനമ്മാവിലാണ് ഈ പ്രോജക്ട് സ്ഥിതിചെയ്യുന്നത്. നാഷണൽ ഹൈവേ 544ന് സമീപം, നിർദിഷ്ട ആറുവരി ദേശീയപാതയോട് ചേർന്ന്, പ്രമുഖ ഷോപ്പിംഗ്-വിനോദ കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടം. വിമാനത്താവളത്തിലേക്ക് അര മണിക്കൂർ മാത്രം. മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലേക്ക് 15 മിനിറ്റും. അതിവേഗം വളരുന്ന ഈ മേഖലയിൽ സ്ഥലം സ്വന്തമാക്കുന്നത് മികച്ചൊരു നിക്ഷേപ അവസരം കൂടിയാണ്.
ലളിതവും സുതാര്യവുമായ പ്രക്രിയ
വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ എന്നിവ മുൻകൂട്ടി സജ്ജമാക്കിയ റെഡി-ടു-ബിൽഡ് പ്ലോട്ടുകളാണിവ. RERA മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്ന സ്കൈലൈൻ ബിൽഡേഴ്സ് തടസങ്ങളില്ലാത്ത, വേഗത്തിലുള്ള ഡോക്യുമെന്റേഷനും ഉറപ്പുനൽകുന്നു. ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ ബാങ്ക് വായ്പാ സൗകര്യങ്ങളും ലഭ്യമാണ്. കൂടാതെ കൈമാറ്റത്തിന് ശേഷം വിശ്വസ്തമായ 'SkyCare', 'Home Care' സേവനങ്ങളും ലഭ്യമാണ്.
നിങ്ങളുടെ സ്വപ്നഭവനം ഇനി യാഥാർഥ്യമാക്കാം!
ലിമിറ്റഡ് പ്ലോട്ടുകൾ മാത്രം ലഭ്യമായ ഈ സുവർണാവസരം കൈവിടാതിരിക്കൂ.
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ: India: 9744403333 Dubai: +971 55 4552975
Website: https://skylinehectares.com/skyline-sanctuary/
Movies
കൊച്ചിയിൽ ഫ്ലാറ്റിലെ കോൺക്രീറ്റ് വാട്ടർ ടാങ്കിലേക്ക് വീണ് നടൻ വിനോദ് കോവൂരിന് പരിക്ക്. അപകട വിവരം നടൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മറിമായം ഷൂട്ടിംഗ് കഴിഞ്ഞ് രാത്രി 10.30-ഓടെ ഫ്ലാറ്റിൽ മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം.
വേസ്റ്റ് കളയാനായി താഴത്തെ കാർ പാർക്കിംഗ് ഏരിയയിൽ എത്തിയതായിരുന്നു വിനോദ്. ബക്കറ്റ് കഴുകാനായി നടക്കുന്നതിനിടെ പൂര്ണമായും അടയ്ക്കാത്ത വാട്ടർ ടാങ്കിലേക്ക് അപ്രതീക്ഷിതമായി വീണുപോയി. വീഴ്ചയിൽ ടാങ്കിന്റെ വശത്ത് പിടിക്കാൻ സാധിച്ചതിനാൽ വെള്ളത്തിൽ മുങ്ങാതെ രക്ഷപ്പെട്ടു. എങ്കിലും വീഴ്ചയിൽ ടാങ്കിന്റെ വക്കിൽ ശരീരം ശക്തിയായി ഇടിച്ചു. പുറത്തുകടക്കാൻ പലതവണ ശ്രമിച്ചെങ്കിലും ആദ്യം പരാജയപ്പെട്ടു. ഒടുവിൽ ഏറെ പരിശ്രമിച്ചാണ് പുറത്തെത്തിയത്.
വീണയുടൻ തന്നെ വേദന അനുഭവപ്പെട്ടെങ്കിലും എഴുന്നേറ്റ് നടക്കാൻ ശ്രമിച്ചു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടും വാരിയെല്ലിന്റെ ഭാഗത്ത് കഠിനമായ വേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എക്സ്-റേ പരിശോധനയിൽ എല്ലുകൾക്ക് പൊട്ടലില്ലെന്ന് കണ്ടെത്തി. വാരിയെല്ലിൽ കടുത്ത ചതവാണുള്ളതെന്നും അതുകൊണ്ടാണ് ശ്വാസമെടുക്കുമ്പോൾ വേദന അനുഭവപ്പെടുന്നതെന്നും ഡോക്ടർമാർ അറിയിച്ചു.
നട്ടെല്ലിനോ തലയ്ക്കോ പരിക്കേൽക്കാതിരുന്നത് വലിയ ഭാഗ്യമാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. നിലവിൽ വീട്ടിൽ വിശ്രമത്തിലാണ് വിനോദ്.
വാരിയെല്ലിനേറ്റ പരിക്കുകാരണം വരാനിരിക്കുന്ന ‘മറിമായം’ എപ്പിസോഡുകളിൽ പങ്കെടുക്കാൻ കഴിയാത്തതിൽ വിഷമമുണ്ടെന്നും 48 മണിക്കൂർ കഴിഞ്ഞും വേദന കുറഞ്ഞില്ലെങ്കിൽ സി.ടി സ്കാൻ ചെയ്യണമെന്നും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെന്നും വിനോദ് കോവൂർ ഫേസ്ബുക്കിൽ കുറിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ സാഹിബാബാദിൽ ഫ്ലാറ്റിൽ തീപിടിച്ചു. നാലു നില കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്.
തീപിടിത്തത്തെ തുടർന്ന് നാല് കുട്ടികളടക്കം 12 പേർ ഫ്ലാറ്റിന്റെ ടെറസിൽ കുടുങ്ങി. വിവരം അറിഞ്ഞ ഉടൻ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
ടെറസിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനായി ആദ്യം ഗോവണിപ്പടിയിലെ തീയാണ് അണച്ചത്. തീ നിയന്ത്രണവിധേയമാക്കിയ ശേഷം കുടുങ്ങിക്കിടന്നവരെ നനഞ്ഞ തുണികൊണ്ട് പുതപ്പിച്ചാണ് സുരക്ഷിതമായി താഴെയിറക്കിയത്.
ഷോർട്ട് സർക്യട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
National
ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ ഫ്ലാറ്റിൽ നിന്നു വീണ് യുവാവ് മരിച്ചു. ബാങ്ക് ഉദ്യോഗസ്ഥനായ ആദിൽ അഹമ്മദ് ഖാൻ (37) ആണ് മരിച്ചത്.
മാറ്റുകളും കാർപ്പെറ്റുകളും ഉണാക്കാനിടുതിനായി കെട്ടിടത്തിന്റെ ടെറസിലേക്ക് പോയപ്പോഴായിരുന്നു അപകടം. ഇതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിന്റെ കൃത്യമായ വിവരം അറിയിന്നതിനായി കെട്ടിടത്തിലും പരിസരത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
പന്തീരാങ്കാവ്: ഫ്ലാറ്റിൽ യുവാവിനു വെട്ടേറ്റ സംഭവത്തിൽ ദുരൂഹത തുടരുന്നു. ബേപ്പൂർ നടുവട്ടം കുറുന്തോടത്ത് വയലിൽ എൻപി ഹൗസിൽ സെയ്ദ് ഇക്ബാലിനാണ് (33) വെട്ടേറ്റത്. ചൊവ്വാഴ്ചയാണ് സംഭവം.
വെട്ടേറ്റ് രക്തത്തിൽ കുളിച്ച നിലയിലായിരുന്ന യുവാവിനെ രാവിലെ സമീപവാസികളാണ് ആദ്യം കണ്ടത്. ഉടൻ പന്തീരാങ്കാവ് പോലീസിൽ വിവരം അറിയിച്ചു. കഴുത്തിനും മറ്റുമായി പരിക്കുള്ള ഇക്ബാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മൂന്നു മാസമായി ഇയാൾ ഭാര്യയ്ക്കൊപ്പം പെരുമണ്ണ അമ്പിലോളിയിലെ ഫ്ലാറ്റിൽ താമസിക്കുകയായിരുന്നു. സംഭവ ദിവസം ഭാര്യ ബന്ധു വീട്ടിലായിരുന്നു. കഴുത്തിനു പരിക്കേറ്റ ഇക്ബാലിന് സംസാരിക്കാൻ കഴിയാത്തതിനാൽ വിവരങ്ങൾ ശേഖരിക്കാനാകുന്നില്ലെന്ന് പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തിൽ തുടർഭരണം നഷ്ടമായതിന് പിന്നാലെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്ത് പുതിയ വാടക വീട്ടിലേക്ക് താമസം മാറുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ക്ലിഫ് ഹൗസിൽ നിന്നും മാറിയ അദ്ദേഹം താത്കാലികമായി 'ചിന്ത' ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കുടുംബസമേതം താമസിക്കാൻ സൗകര്യമുള്ള പുതിയൊരു വാടക വീട് നഗരത്തിൽ തന്നെ അദ്ദേഹം കണ്ടെത്തിയിരിക്കുകയാണ്.
കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള പുതിയ സർക്കാർ രൂപീകരിക്കുന്നതിലെ കാലതാമസം കാരണം പിണറായി വിജയൻ ഇപ്പോഴും 'കാവൽ മുഖ്യമന്ത്രി' ആയി തുടരുകയാണ്. എങ്കിലും ഔദ്യോഗിക വസതി നേരത്തെ തന്നെ അദ്ദേഹം ഒഴിഞ്ഞിരുന്നു. നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെ ചുമതല അദ്ദേഹം ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഡൽഹിയിൽ നടന്ന പിബി യോഗത്തിൽ ഇക്കാര്യം ചർച്ചയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിയിൽ മാത്രം അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും ഇത് പാർട്ടിയുടെ മൊത്തത്തിലുള്ള ഉത്തരവാദിത്തമാണെന്നുമാണ് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നത്. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ശേഷം ഡൽഹിയിൽ നിന്ന് മടങ്ങിയെത്തുന്ന പിണറായി വിജയൻ തന്റെ പുതിയ വീട്ടിൽ താമസമാരംഭിക്കും.
National
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഫ്ലാറ്റിൽ തീപിടിച്ചു. കെട്ടടത്തിന്റെ ഒന്പതാം നിലയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. കെട്ടിട സമുച്ചയത്തിൽ നിന്ന് പുക ഉയർന്നതോടെ ഫ്ലാറ്റിനുള്ളിൽ ഉണ്ടായിരുന്നവർ ഉടൻ തന്നെ ഒഴിഞ്ഞുപോയി.
പ്രാഥമിക കണക്കുകൾ പ്രകാരം ശക്തമായ കാറ്റിലും കാലവസ്ഥയിലും ആറോളം നിലകളിലേയ്ക്ക് തീ പടർന്നുപിടിക്കുകയും പൂർണമായി കത്തി നശിക്കുകയും ചെയ്തു. അഗ്നിശമ സേനാ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. സംഭവത്തിൽ ആർക്കും ഇതുവരെ പരിക്കുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
National
ബംഗളൂരു: ബംഗളൂരുവിലെ ഫ്ലാറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡിലെ ധൻബാദ് സ്വദേശിനി പൂജ ദത്ത (34) ആണ് മരിച്ചത്.
ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പൂജ കഴിഞ്ഞ മൂന്ന് വർഷമായി അഡുഗോഡിയിലുള്ള ഫ്ലാറ്റിൽ വടകക്കായിരുന്നു താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകുന്നേരം പൂജയുടെ ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് വാതിൽ തകർത്ത് അകത്ത് കയറുകയും രക്തത്തിൽ കുളിച്ച് കിടക്കുന്ന പൂജയെ കണ്ടെത്തുകയും ചെയ്തു. മരണം സംഭവിച്ചിട്ട് രണ്ടോ മൂന്നോ ദിവസം വരെ ആയിട്ടുണ്ടാവുമെന്നാണ് പ്രാഥമിക നിഗമനം.
ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Movies
ബോളിവുഡ് നടി ശ്രദ്ധ കപൂർ മുംബൈയിലെ ഒരു ഫ്ളാറ്റ് ആറു ലക്ഷം രൂപ വാടകയ്ക്ക് കരാര് ഉറപ്പിച്ചതാണ് ഇപ്പോള് വാര്ത്തകളില് നിറയുന്നത്. മുംബൈയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശങ്ങളിലൊന്നായ ജുഹുവിലാണ് ഈ ആഡംബര ഫ്ളാറ്റുള്ളത്.
പ്രൈം ബീച്ച് എന്ന ആഡംബര അപ്പാര്ട്ട്മെന്റിന്റെ പാട്ടക്കരാറാണ് താരം പുതുക്കിയത്. പ്രതിമാസം ആറു ലക്ഷം രൂപയാണ് ഈ ഫ്ളാറ്റിന്റെ വാടക. അതായത് ഒരു വര്ഷം മാത്രം ശ്രദ്ധ വാടകയിനത്തില് നല്കുന്നത് 72 ലക്ഷം രൂപയാണ്.
ഏകദേശം 3,929 ചതുരശ്ര അടി വിസ്തീര്ണമുള്ള അതിവിശാലമായ ഫ്ളാറ്റാണിത്. കടല് അഭിമുഖമായാണ് ഈ ഫ്ളാറ്റ് നിലകൊള്ളുന്നത്. വലിയ ജനാലകളും പ്രകൃതിദത്ത വെളിച്ചവും കടല്ക്കാറ്റ് ലഭിക്കുന്ന വിശാലമായ ബാല്ക്കണിയും ഫ്ളാറ്റിന്റെ പ്രത്യേകതയാണ്. മുംബൈ പോലുള്ള തിരക്കേറിയ നഗരത്തില് നാലു കാറുകള് പാര്ക്ക് ചെയ്യാനുള്ള പ്രത്യേക സൗകര്യം ഈ ഫ്ളാറ്റിനോടൊപ്പമുണ്ട് എന്നതാണ് ഏറ്റവും വലിയ ആഡംബരമായി കണക്കാക്കപ്പെടുന്നത്.
അമിതാഭ് ബച്ചന്, അക്ഷയ് കുമാര്, അജയ് ദേവ്ഗണ്, ഹൃതിക് റോഷന് തുടങ്ങിയ വമ്പന് താരങ്ങളെല്ലാം ഈ മേഖലയിലാണു താമസിക്കുന്നത്. ഇതാണ് ശ്രദ്ധ കപൂറിനെ ഇവിടേക്ക് ആകര്ഷിച്ചത്.
നിരവധി ബോളിവുഡ് താരങ്ങള് ഉള്ളതിനാല് ആഡംബരത്തിനും സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും വലിയ മുന്ഗണനയാണ് ഈ പ്രദേശത്തിന് നല്കുന്നത്. ഇതാണ് യുവ താരങ്ങളും ജുഹുവിനെ തിരഞ്ഞെടുക്കാന് കാരണം. ജൂഹുവില് താമസിക്കുന്നത് ഒരു സ്റ്റാറ്റസ് സിംബല് ആയിട്ടാണ് ബോളിവുഡ് താരങ്ങള് കാണുന്നത്.
കടലിനെ അഭിമുഖീകരിക്കുന്ന ഫ്ലാറ്റുകളുടെ വാസ്തുവിദ്യയും അതിമനോഹരമാണ്.
ഇവിടുത്തെ ആഡംബര ജീവിതശൈലി സാധാരണക്കാര്ക്ക് എപ്പോഴും ആകാംക്ഷയുണര്ത്തുന്ന കാര്യമാണ്. 2024 ഒക്ടോബറിലാണ് താരം ആദ്യമായി ഈ ഫ്ളാറ്റ് വാടകയ്ക്കെടുത്തത്.
International
മനാമ: ബഹ്റിനിലും ആക്രമണം നടത്തി ഇറാൻ. ഫ്ലാറ്റിലേക്ക് മിസൈൽ പതിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ആക്രമണത്തിൽ കെട്ടിട സമുച്ചയത്തിന് തീപിടിച്ചു. ആളുകൾക്ക് ജീവഹാനിയോ പരിക്കോ സംഭവിച്ചോയെന്ന് വ്യക്തമല്ല. ആക്രമണം ബഹ്റിൻ ഭരണകൂടം സ്ഥിരീകരിച്ചു.
അതേസമയം, കുവൈറ്റ് വിമാനത്താവളത്തിലും ദുബായിലും ഇറാൻ ആക്രമണം നടത്തി. കുവൈറ്റിൽ അഞ്ച് പേർക്കും ദുബായിൽ നാലുപേർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
National
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ സ്റ്റോക്ക് ട്രേഡറായ യുവാവിനെയും ഭാര്യയെയും ഒമ്പത് വയസുകാരി മകളെയും ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സൂറത്തിലെ വെസുവിലുള്ള 'ഹാപ്പി എലഗൻസ്' സൊസൈറ്റിയിലാണ് ദാരുണമായ ഈ സംഭവം നടന്നത്.
ബാൽമുകുന്ദ് ഖേതൻ, ഭാര്യ പ്രിയങ്ക ഖേതൻ, മൂത്ത മകൾ ഭവ്യ ഖേതൻ എന്നിവരാണ് മരിച്ചത്. ഇവരുടെ ഏഴ് വയസുകാരിയായ രണ്ടാമത്തെ മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു. സാമ്പത്തിക തട്ടിപ്പിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കരുതപ്പെടുന്നു. മരിക്കുന്നതിന് മുൻപ് കുടുംബം വിഷം കഴിച്ചതായാണ് വിവരം.
സംഭവസ്ഥലത്തുനിന്ന് മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. വൈഭവ് റുംഗ്ത എന്ന വ്യക്തിയുടെ പേരാണ് ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിരിക്കുന്നത്. വൈഭവ് തന്റെ ക്രെഡിറ്റ് കാർഡുകൾ ദുരുപയോഗം ചെയ്തതായും പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും കുറിപ്പിൽ പറയുന്നു.
ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി വൈഭവ് റുംഗ്തയെ പോലീസ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തു. വളർത്തുമൃഗമായ നായയെക്കുറിച്ചും ആത്മഹത്യാ കുറിപ്പിൽ പരാമർശമുണ്ട്. നായയുടെ സംരക്ഷണം ഉറപ്പാക്കണമെന്നും അതിനെ പുനരധിവസിപ്പിക്കാൻ ക്രമീകരണങ്ങൾ ചെയ്യണമെന്നും കുറിപ്പിൽ അപേക്ഷിച്ചിരുന്നു.
സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കങ്ങളും മാനസിക പീഡനവുമാണ് ഒരു കുടുംബത്തെ മുഴുവൻ ഇല്ലാതാക്കിയത്. മരിച്ച ബാൽമുകുന്ദ് ഖേതൻ ബീഹാർ സ്വദേശിയാണ്.
Kerala
കൊച്ചി: തൃപ്പൂണിത്തുറയിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വിൽപന നടത്തിയിരുന്ന സംഘം അറസ്റ്റിൽ. മൂന്ന് പേരാണ് അറസ്റ്റിലായത്. തലശ്ശേരി ന്യൂമാഹി കുറിച്ചിയിൽ വരശ്രീ വീട്ടിൽ നിവേദ് ഷൈനിത്ത് (22), ന്യൂമാഹി ടെംപിൾ ഗേറ്റ് പൂവളപ്പ് സ്ട്രീറ്റ് പുതുശ്ശേരി വീട്ടിൽ ദേവാ സതീഷ് (21), അമ്പലപ്പുഴ കോമന മുല്ലക്കേരിൽ വീട്ടിൽ എം. ദേവിക (22) എന്നിവരെ ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
1.270 കിലോഗ്രാം കഞ്ചാവ് പ്രതികളിൽ നിന്ന് പിടികൂടിയത്. ചാത്താരി വൈമീതി റോഡിലുള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ അനക്സ് ഭാഗത്തുള്ള ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഹിൽപാലസ് ഇൻസ്പെക്ടർ എം. റിജിൻ തോമസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെ.കെ. ബാലചന്ദ്രൻ, എം.ആർ. സന്തോഷ് കുമാർ, എഎസ്ഐ ഉമേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.എസ്. ബൈജു, കെ.കെ. ശ്യാംലാൽ, സിവിൽ പോലീസ് ഓഫീസർമാരായ സിജിത്ത്, ഷാന്തി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Kerala
തിരുവനന്തപുരം: ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിച്ചെന്ന പരാതിയില് ആര്എസ്പി സംസ്ഥാന സെക്രട്ടറിയും മുൻമന്ത്രിയുമായ ഷിബു ബേബി ജോണിനെതിരെ കേസ്.
കുമാരപുരം സ്വദേശി അലക്സ് നല്കിയ പരാതിയിലാണ് തിരുവനന്തപുരം മെഡിക്കല് കോളജ് പോലീസ് കേസെടുത്തത്. ഷിബു ബേബി ജോണിന്റെയും കുടുംബത്തിന്റെയും പേരിലുള്ള ഭൂമിയില് ഭൂമിയില് ഫ്ളാറ്റ് നിര്മിച്ച് നല്കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി.
നിര്മാണ കമ്പനിയായി ആന്ഡ ഷിബു ബേബി ജോണിന്റെ കുടുംബത്തിന്റെ കഴക്കൂട്ടം ചാക്ക ബൈപ്പാസിലെ 40 സെന്റ് ഭൂമിയില് നിര്മിക്കാനിരുന്ന ഫ്ളാറ്റുമായി ബന്ധപ്പെട്ടാണ് പരാതി.
ഫ്ളാറ്റ് നിര്മിച്ച് വില്ക്കുന്നതിന് ആന്ഡ നിര്മാണ കമ്പനിയുമായി ഷിബു ബേബി ജോണും കുടുംബവും ധാരണാപത്രം തയാറാക്കിയിരുന്നു. ഇത് പ്രകാരം പരാതിക്കാരനായ അലക്സ് ആന്ഡ കമ്പനിക്ക് രണ്ട് തവണയായി 15 ലക്ഷം രൂപ അലക്സ് കൈമാറിയിരുന്നു. ഷിബു ബേബി ജോണിന്റെ സാന്നിധ്യത്തിലായിരുന്നു പണം കൈമാറിയത്.
എന്നാല്, അഞ്ച് വര്ഷം പിന്നിട്ടിട്ടും ഫ്ളാറ്റ് നിര്മാണം മുന്നോട്ടുപോയില്ല. തുടര്ന്ന് തട്ടിപ്പിനിരയായെന്നും പണംതിരികെ വേണമെന്നും ചൂണ്ടിക്കാട്ടി അലക്സ് മെഡിക്കല് കോളജ് പോലീസില് പരാതി നല്കുകയായിരുന്നു.
ആദ്യം സിവില് കേസാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് പരാതി എഴുതി തള്ളിയിരുന്നു. എന്നാല്, പരാതിക്കാരന് പോലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കിയതോടെയാണ് കേസെടുത്തത്.
എന്നാല്, താന് പണം വാങ്ങിയിട്ടില്ലെന്നും നിയമവിരുദ്ധമായ കേസാണെന്നുമാണ് ഷിബു ബേബി ജോണിന്റെ നിലപാട്. നിര്മാണ കമ്പനിയുമായി ഭൂ ഉടമകള് എന്ന നിലയിലാണ് ധാരണയുണ്ടാക്കിയതെന്നും ഷിബു ബേബി ജോണ് വിശദീകരിക്കുന്നു.
Kerala
തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണം നിയമക്കുരുക്കിലാക്കി മുടക്കിയെന്ന ആരോപണത്തിൽ മന്ത്രി എം.ബി. രാജേഷിനെതിരേ പരാതി നൽകി കോൺഗ്രസ് നേതാവ് അനിൽ അക്കര. ഫ്ളാറ്റ് നിർമാണം നിയമക്കുരുക്കിലായതു വടക്കാഞ്ചേരിയിലെ മുൻ എംഎൽഎ കേസ് നൽകിയതിന്റെ ഭാഗമാണെന്നാണ് മന്ത്രി ആരോപിച്ചത്. ഇതു ഹൈക്കോടതിയെ അപമാനിക്കുന്നതാണെന്നും അനിൽ അക്കര പരാതിയിൽ ചൂണ്ടിക്കാട്ടി.
വടക്കാഞ്ചേരി ചരൽപറന്പിൽ ഫ്ളാറ്റ് നിർമാണത്തിന്റെ ചുമതലയിൽനിന്നു ഹാബിറ്റാറ്റിനെ മാറ്റിയത് യുഎഇ കോണ്സുലേറ്റ് ജനറൽ, എം. ശിവശങ്കർ, ലൈഫ് മിഷൻ ചെയർമാൻ പിണറായി വിജയൻ, വൈസ് ചെയർമാനായിരുന്ന അന്നത്തെ മന്ത്രി എ.സി. മൊയ്തീൻ എന്നിവർ ചേർന്നാണ്. യൂണിടാക്ക് എന്ന റിയൽ എസ്റ്റേറ്റ് കന്പനിയെയാണു നിർമാണം ഏൽപ്പിച്ചത്. ഫ്ളാറ്റ് നിർമാണത്തിലെ അഴിമതി അന്വേഷിക്കാൻ വിജിലൻസാണ് കേസ് രജിസ്റ്റർ ചെയ്തത്.
തിരുവനന്തപുരം വിജിലൻസ് കോടതിയുടെ പരിഗണനയിലാണിപ്പോൾ. യുഎഇ കോണ്സുലേറ്റിലെ ഉദ്യോഗസ്ഥർ രാജ്യംവിട്ടതോടെ എഫ്സിആർഎ ലംഘനത്തിൽ സിബിഐയും കേസെടുത്തു. അപ്പോഴും നിർമാണം തുടർന്നു. പിന്നീടു സർക്കാരിൽനിന്നോ കോടതിയിൽനിന്നോ നിർദേശങ്ങൾ ലഭിക്കാതെ വന്നതോടെ സർക്കാരിനു കത്തുനൽകി കരാറുകാരൻ നിർമാണം നിർത്തി.
ഫ്ളാറ്റ് നിർമാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് 2020ൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ വിഷയത്തിൽ താൻ ഉൾപ്പെടുന്ന കേസുകൾ നിലവിലില്ലെന്നും മന്ത്രി നടത്തിയ പ്രസ്താവന അവാസ്തവമാണെന്നും പരാതിയിൽ പറയുന്നു.
International
ഹോങ്കോംഗ്: ഹോങ്കോംഗിൽ ഭവന സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനം വെള്ളിയാഴ്ച അവസാനിച്ചു. മരിച്ചവരുടെ എണ്ണം 146 ആയി. കാണാതായ 150 പേരെക്കുറിച്ച് ഇനിയും വിവരമില്ലെങ്കിലും പരിശോധനയിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താൻ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.
4600ൽ അധികം ആളുകളാണ് ഭവന സമുച്ചയത്തിൽ താമസിച്ചിരുന്നു. ഇവിടുത്തെ ഫയർ അലാമുകൾ ശരിയായി പ്രവർത്തിച്ചിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം തീപിടിത്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഞായറാഴ്ച ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്.
കിഴക്കൻ ഹോങ്കോംഗിലുള്ള ഭവനസമുച്ചയത്തിലെ ഏഴ് കെട്ടിടങ്ങൾക്ക് നവീകരണ പ്രവർത്തനം നടക്കുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് തീപിടിത്തമുണ്ടായത്. നവീകരണ ജോലികൾ നടത്തിയിരുന്ന കമ്പനിയുടെ 11 ഉന്നത ഉദ്യോഗസ്ഥരെ അഴിമതി നിരോധന വകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
പാലക്കാട്: പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ എസ്ഐടി സംഘം അന്വേഷണം ഊർജിതമാക്കി. രാഹുലിന്റെ പാലക്കാട്ടെ ഫ്ലാറ്റിൽ വീണ്ടും എസ്ഐടി സംഘം വിശദമായ പരിശോധന നടത്തി.
രാവിലെ ഫ്ലാറ്റിൽ പ്രാഥമിക പരിശോധന പൂര്ത്തിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം വീണ്ടും സ്വകാര്യ വാഹനത്തിൽ അഞ്ചംഗ സംഘം ഫ്ലാറ്റിലെത്തുകയായിരുന്നു.
സംഘത്തിലെ എല്ലാവരും ഫ്ലാറ്റിലുള്ളിൽ കയറി പരിശോധന നടത്തി. മുൻകൂര് ജാമ്യഹര്ജി പരിഗണിക്കുന്നതിന് മുമ്പായി രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. ഇതിനായുള്ള നിര്ണായക അന്വേഷണമാണ് നടക്കുന്നത്.
ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചു. യുവതി നൽകിയ വിവരങ്ങൾ പ്രകാരമാണ് പോലീസ് സംഘം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്.